കൂപമാണ്ഡൂക്യം

പൊട്ടകിണറ്റിലെ ചൊറിത്തവളയുടെ സാഗരസ്വപ്നങ്ങൾ, ആകാശവിമർശങ്ങൾ, അരയന്നപ്രണയങ്ങൾ…

Month: October, 2011

വൈകല്യധാര


 
ആഗ്രഹങ്ങൾ വലിച്ചു വാരിയിട്ട
കിടപ്പ് മുറിയിലേക്ക് ഞാനിപ്പോൾ
പോവാറില്ല്ല
ഇടനാഴിയിലാണ് കിടപ്പ്
സ്വയംഭോഗമാണ് തപസ്സ്

കടലു കാണാൻ പൂതിയില്ല
ആകാശത്തേക്ക് നോക്കിയാൽ കണ്ണ് മഞ്ഞളിക്കുന്നു

വാ പിളർന്ന് നിശബ്ദമായ് ഗർജ്ജിക്കുന്ന ഗുഹയ്ക്ക് മുന്നിൽ
എന്റെ സിംഹം വിളറി നിൽക്കുന്നു
കരളിലെ മാലിന്യക്കൂമ്പാരത്തിനരികെ
പ്ലാസ്റ്റിക്കിലകൾ ചവച്ച് നിൽക്കുന്ന പശുവാണ് വിഷാദം
പശുവിന്റെ തൊലിയിൽ
കൊത്തി പറിക്കുന്ന കാക്കയാണ് ലഹരി

ആരുടെയൊക്കെയോ നിഴലുകളാണെന്റെ
വെളിച്ചം
അവരോടുള്ള പകയാണ് ജീവിതം…

Advertisements

ചന്ദ്രക്കല

ബോധിവൃക്ഷക്കുരിശിന്റെ ചില്ലയിൽ
കണ്ണൻ…
ഒരു ബാവുൽ ഗാനത്തിന്റെ ഈണം
ഓടക്കുഴലിൽ…
താഴെ നഗ്നഗോപികയുടെ ഉടലലിഞ്ഞ ശ്രവണം…

സ്ലേറ്റിലെഴുതിയ അസമവാക്യം മഷിത്തണ്ട് കൊണ്ട് തുടയ്ക്കുന്ന
കണ്ണുനിറയെ കാഴ്ചയുള്ള കാഞ്ചനമാലയുടെ കവിളിൽ
ചുംബനം കൊണ്ട് ചെമ്പകപ്പൂ വിരിയിക്കുന്ന കവി…

ഗിത്താറിന്റെ ഓരോ തന്ത്രികളായ് അഴിച്ചെടുത്ത്
മൌനത്തിന്റെ വാചാലസംഗീതം പകർന്ന് ജിദ്ദു പറഞ്ഞു
“രജനീഷിന്റെ പുസ്തകങ്ങൾ എരിച്ചു കളയൂ”

മടിച്ചു നിൽക്കെ,
ദർവീസുകൾക്കിടയിൽ നിന്നും വിയർപ്പിൽ കുളിച്ച രജനീഷ് പൊട്ടിച്ചിരിച്ചു.

വീട്ടു മുറ്റത്ത് നിന്ന ജീവനുള്ള ഭിക്ഷു വിളിച്ചു പറഞ്ഞു
“കേട്ടാലും”

കരച്ചിൽ വരുന്നല്ലോ.
ഓരോ കണ്ണുനീർത്തുള്ളിയിലുമൊരു മന്ദഹാസം.

പൊട്ടകിണറ്റിലേക്ക് വർഷകാരുണ്യം.
പ്രളയത്തിലേക്കൊരു ക്ഷണക്കത്ത്.