കൂപമാണ്ഡൂക്യം

പൊട്ടകിണറ്റിലെ ചൊറിത്തവളയുടെ സാഗരസ്വപ്നങ്ങൾ, ആകാശവിമർശങ്ങൾ, അരയന്നപ്രണയങ്ങൾ…

Month: November, 2011

.സനാതനസ്വപ്ന,മിന്ന്.

ഒരു അമീബ ഇരയെ എന്ന പോലെ
ഗ്രാമം
നഗരത്തെ
വളയുവാൻ
ഇച്ഛിക്കുന്ന
ആ-
സുരതം.

മോഹനമായ്,
പട്ട് കുപ്പായങ്ങളാൽ,
നഗരമവളുടെ
ചൊറി പിടിച്ച തുടയിടുക്കുകളെ
മറച്ച്
ഒന്നു തിരിഞ്ഞു കിടക്കുന്നു.
മദനഭാവം.

പ്രതിരോധശക്തി ക്ഷയിച്ച
സങ്കരക്കിടാങ്ങൾ
നഗരത്തിനും
ഗ്രാമത്തിനും ഇടയിലൊരു
പാലത്തിന്റെ ചോട്ടിൽ
വരണ്ട നദിയുടെ മദ്ധ്യത്തിൽ
സായാഹ്നത്തിൽ
മദ്യം
നുണ-
യുന്നു.

അവരുടെ തല വളരുകയും,
മുലയിടിയുകയും,
കോശങ്ങളിൽ പൂക്കളമൊരുങ്ങുകയും,
വൃഷ്ണങ്ങൾ ചുരുങ്ങുകയും,
യോനി രക്തപങ്കിലമാവുകയും ചെയ്യുമ്പോൾ
വിജയപുരാണത്തിന്റെ സ്വാഭാവികാ‍വർത്തനമെന്ന പോലെ,
ഒരു ദിവാകരയോഗം,
ജയപ്രകാശം,
ഞാൻ കിനാവിൽ കണ്ട് പോകുന്നു.

അത്യാഗ്രഹത്തിന്റെ ഗ്രഹണത്തിൽ,
ഞാനെന്നെ ബോധിസത്വനെന്ന് വിളിച്ചോമനിക്കുന്നു.

Advertisements

@ സെലസ്റ്റിയൽ ബിച്ച്*

1.വിശുദ്ധഭയം(ആദിയിൽ)

നമ്മൾ നക്ഷത്രങ്ങളല്ല
നമുക്കിടയിൽ പ്രകാശവർഷങ്ങളില്ല

വന്മതിലുകളില്ല
കാലിൽ തുടലില്ല

പറന്ന് പോകവെ നിന്നെക്കുറിച്ചെന്തോ പറഞ്ഞ
ദേശാടനകിളിയെ ഏയ്തിട്ടു

കാറ്റുകളെ കൂട്ട് പിടിച്ച യാത്രകളെ
വഴിയിലൊളിച്ചിരുന്നു അടിച്ചു വീഴ്ത്തി

നമുക്കിടയിലെ പാലം
കനി ഭക്ഷിക്കാത്ത കുഞ്ഞുങ്ങളുടെ സഞ്ചാരപഥം,
ഒരു മഴവില്ല്

നിന്നെയറിയുന്നതോർക്കുമ്പോൾ കവിതകളുടെ കാടുകളിൽ ഇല പൊഴിയുന്നു,
നിന്നിലേക്കുള്ള അപഥസഞ്ചാരം ഒരു കാട്ട്തീയാകുമോയെന്ന് ഭയന്ന്പോകുന്നു…

2. ഈഗോ(യാത്രയിൽ)

മുഷിപ്പിന്റെ അർബുദം ബാധിച്ച ഒരു വാക്ക്
വേദന സഹിയാതെ മരണം കൊതിച്ചു

ദയാവധാനന്തരം നമുക്കിടയിൽ
ഒരു സഹസ്രം കണ്ണികളുള്ള ലോഹസർപ്പം ആവിർഭവിച്ച്
കാലുകളിൽച്ചുറ്റിവരിഞ്ഞ് ചലനം നിഷേധിക്കവെ
വീണ്ടും നിന്റെ കണ്ണുകൾ കാണാൻ കൊതിച്ചു

ശൂന്യതയിലെന്നോ  കൊളുത്തി വച്ച കാർത്തികവിളക്കിന്റെ ജ്വാലയിൽ
നിന്നുമുത്ഭവിച്ച ജലം
മഞ്ഞുകണങ്ങളായ്
കാഴ്ച്ച മറയ്ക്കുമ്പോൾ
അവിചാരിതമായ് കണ്ടുമുട്ടിയ മാലാഖക്കണ്ണുകളെ
തിരഞ്ഞ്
കിനാവുകളുടെ സൈന്യം മറ്റൊരു വ്യർത്ഥയാനത്തിന് കാഹളമൂതി….

3. കബന്ധ പ്രചോദിതം(അനന്തരം)

അവൾ കവിത ആവശ്യപ്പെട്ടപ്പോൾ,
ഹൃദയത്തിന്റെ പരിചിതമായ ഷെൽഫുകളിൽ പരതി.

കുഴഞ്ഞു.

ഒഴിഞ്ഞ താളുകളും,
പകർത്തി എഴുതപ്പെട്ട നിഘണ്ടുവും
കണ്ടെത്തി.

നിരാശയുടെ കസേര വലിച്ചിട്ട്
ചെന്നിയിൽ അസ്വസ്ഥമായ ഞരമ്പുകളെ തലോടവെ,
അശാന്തമായ വചനരാഹിത്യത്തിലേക്ക്
ഒരു കാകൻ മൊഴിഞ്ഞു,
“ഞാനൊരു അരയന്നം”

കാക്ക പറന്ന് പോയ വഴിയെ നോക്കിയപ്പോൾ
കവിത ആവശ്യപ്പെട്ടവളെ അപ്രസക്തമാക്കി
തമോഗർത്തഗർഭത്തിൽ അനന്തകോടി നക്ഷത്രക്കവിതകൾ നിർമമം പുഞ്ചിരിച്ചു…

———————————————————————-

*celestial bitch

വിശുദ്ധപോൺ

വികാരഭരിതമായ ചേഷ്ടകൾ.
വാചാലാഭിരാമമായ കണ്ണുകൾ.
വിശുദ്ധപോൺ.

കോളിംഗ് ബെല്ലടിക്കാതെ കടന്ന് വന്ന കാമന.
അശ്ലീലം നുരയുന്ന ചുണ്ടുകളിൽ തിളക്കം.
വിളക്കിച്ചേർക്കാനാവാത്ത കണ്ണികൾക്കിടയിൽ നനഞ്ഞ തീക്കനൽ.

കണ്ണുകളിൽ ഈറനണിഞ്ഞ വാതം.
പൊട്ടിയൊലിച്ച വൃണം.
ക്ഷാരഗന്ധം.

വാതിലടയ്ക്കാതെ കടന്ന് പോയ കാമന.
വിഷപ്പച്ച പടർന്ന ആലസ്യം.
വിളക്കിച്ചേർക്കാനാവാത്ത കണ്ണികൾക്കിടയിൽ മുറിഞ്ഞ മാംസം.

ഋതുക്കൾക്ക് പ്രവേശനം നിഷേധിക്കുന്ന മോർച്ചെറി.
ശീതികരിച്ച അറയിൽ
ചെറിപ്പഴം.
അർത്ഥരാഹിത്യത്തിന്റെ മഞ്ഞുതുള്ളി…

അപ്പോഴുമെപ്പോഴും വിശുദ്ധമായ പോണിനു സ്തോത്രം.
സർവ്വസാത്തനികസത്തയിൽ അശുദ്ധശാന്തി.
…ആമേൻ…
പൂച്ച കൊണ്ടോയി……

ആൽബട്രോസ്സ,ർത്ഥം


….ചാറ്റൽ മഴ കാരണം പുറത്തിറങ്ങാൻ മടിച്ച ദിവസം,
സാഹസികമായ സമുദ്രായനത്തെപ്പറ്റി
എഴുതിയുണ്ടാക്കിയ ഒരു കവിതയുണ്ടെ,ന്റെ മേശവലിപ്പിൽ….

വേനലുച്ചകളിൽ വരണ്ട ഉപ്പുകാറ്റായും
മകരപ്പുലരികളിൽ മത്സ്യകന്യകയായും
അലസസന്ധ്യകളിൽ കൊലയാളിക്കൊമ്പൻസ്രാവായും
ബന്ധനത്തിന്റെ ലോഹസീമകളെ ഉല്ലംഘിച്ചാർത്തലയ്ക്കുന്ന വരികൾ…

കഴുത്തിലൊരു ജീവനുള്ള പക്ഷിയുടെ ഗരിമ…

…ഒരു ദിനം, നട്ടുച്ച,
വലിപ്പ് തുറന്ന്,
ചിരപുരാതനനായ നാവികന്റെ തൊപ്പിവച്ച്,
രണ്ടും കൽ‌പ്പിച്ച് കവിതയുടെ
ആഴപ്പരപ്പുകളിലേക്ക്….

മൌനപ്പക്ഷിയെ മുറിച്ച അസ്ത്രാഗ്രദർശനം…
യാനബോധം പാപഭരിതമായെനിക്ക് ദാഹിച്ചു….

“വാക്കുകൾ വാക്കുകൾ സർവത്ര,
അറിവായൊരു തുള്ളിയില്ലയത്രെ”

…അശുഭം…

:(


*ആൽബട്രോസ്സ്, ഏൻഷ്യന്റ് മാരിനർ എന്ന കൊളിറിഡ്ജ് കവിതയിൽ നാവികൻ ഏയ്തിട്ട പക്ഷി, അനന്തരം അയാൾ പാപബോധബാധിതനായ് കർമ്മഫലം അനുഭവിച്ചു, ലതാ മിസ് പഠിപ്പിച്ചതിന്റെ ഓർമ്മയിൽ.