കൂപമാണ്ഡൂക്യം

പൊട്ടകിണറ്റിലെ ചൊറിത്തവളയുടെ സാഗരസ്വപ്നങ്ങൾ, ആകാശവിമർശങ്ങൾ, അരയന്നപ്രണയങ്ങൾ…

Month: December, 2011

പിങ്ക് നിറമുള്ള രാത്രികൾ

ചില രാത്രികളിൽ
ഞങ്ങൾ ചില ചിലന്തികൾ
കോഴിക്കോട് കടപ്പുറത്തിരുന്ന്
വല നെയ്യാറുണ്ടായിരുന്നു.
ആ വലകളിൽ
ഉപ്പുതുള്ളികളും കിനാവുകളും
കുടുക്കും.
പുലരുമ്പോൾ പിടിച്ചവയെയെല്ലാം
തീരത്തുപേക്ഷിച്ച് ഉറങ്ങാൻ പോകും.

നിയമപാലകരിലൊരാളാണ് പറഞ്ഞത്
അത്തരം രാത്രികൾക്ക് പിങ്ക് നിറമാണെന്ന്.
അന്ന് ഞങ്ങൾ ചില ചിലന്തികൾ
ഒരു കുഞ്ഞു തടവറയിലാണ് കിടന്നത്.

ഇനി മുതൽ കോഴിക്കോട് കടപ്പുറത്തെ
പിങ്കുനിറമുള്ള രാത്രികളിൽ
ഞങ്ങൾ ചില ചിലന്തികൾ ഒന്നും കുടുക്കില്ല.
കാരണം
ഞങ്ങൾ ചില ചിലന്തികൾ
സ്വന്തം വലകൾ ഭക്ഷിച്ചു തീർക്കുന്ന തിരക്കിലാണ്.

ഉപ്പുതുള്ളികളും കിനാവുകളും
പ്രലോഭിക്കുന്നുണ്ടെങ്കിലും.

Advertisements

പല്ലിപ്പേച്ച്

വിജാഗിരികള്‍ക്കിടയിലെ
തകര്‍ന്ന പല്ലിയെപ്പോലെ
നിനക്കായി ഞാനൊരുപാട്‌ തവണ
മരിച്ചിട്ടുണ്ട്‌ ഹരീ.

ഒരു നന്തിയാര്‍വട്ടം പൂത്തുതളർന്നപ്പോള്‍
അവസാനത്തെ കവിതയും തിരിച്ചു വന്നപ്പോള്‍
പിച്ചക്കാരന്‍പാണ്ടി കൊട്ടിപ്പാടിയപ്പോള്‍…

അപ്പോഴൊക്കെ നീ കൊട്ടിയടച്ചതിന്റെ
വിജാഗിരിക്കള്‍ക്കിടയില്‍
ഞാനുണ്ടായിരുന്നൂ ഹരീ.
ചിരിയാലോ കണ്ണീരാലോ
അഗാധശൂന്യതയാലോ
വിജാഗിരിയാലോ
മറയാറുള്ളതിനാലോ
നിന്റെ ഹൃദയം
എന്നെ കാണാതെപോകുന്നു.

എങ്കിലും രണ്ട് ദിവസത്തിനുള്ളില്‍
അതീവദുര്‍ഗന്ധമായി
ഞാന്‍ പടരവെ
ഒരുപാട്‌ തിരച്ചിലുകള്‍ക്കും മറിച്ചിലുകള്‍ക്കുമൊടുവില്‍
വിചിന്തനത്തിനങ്ങള്‍ക്കും നെഞ്ചുരുക്കത്തിനും ശേഷം
വിജാഗിരികള്‍ക്കിടയില്‍ ഹരീ
നീയൊരു തകര്‍ന്ന പല്ലിയെ കണ്ടെത്തും.
വെളുത്തത്‌, അസ്ഥി തെളിഞ്ഞത്‌.

ഒരു കടാലാസ്‌ കഷണത്തിന്റെ അകലത്തില്‍
നിന്നുകൊണ്ട്‌ എന്നെ നീ തോണ്ടിയെറിയുമ്പോള്‍,
എപ്പോഴെങ്കിലും
കണ്ണീരാലൊരു തിലഹവനം
വിഷാദത്തിന്റെ ഒരു ചിരിമലര്‍ച്ചെണ്ട്‌
നീയേകിയിട്ടുണ്ടോ?
അറിയുമോ
(എവിടെ!!!)
ഞാന്‍ നിന്നോടൊപ്പം നിഴലാണ്‌
വെറുതെ നിനക്ക്‌ ലഹരിയാണ്‌
വെളുപ്പാങ്കാലത്തിലെത്തുന്ന നിദ്രയാണ്‌
അശാന്ത ചുംബനമാണ്‌

ഇതൊന്നും നീയറിയുന്നില്ല
(നീയൊന്നും അറിയുന്നില്ല, അത്‌ മറ്റൊരു ദുഖം)
വലിയ കാര്യമാക്കി പറയുകയല്ല
(എനിക്കിതൊരു വലിയ കാര്യമാണെങ്കിലും)
വിജാഗിരികള്‍ക്കിടയിലെ
തകര്‍ന്ന പല്ലിയെപ്പൊലെ
നിനക്കായി ഞാനൊരുപാട്‌ തവണ
മരിച്ചിട്ടുണ്ട്‌.

പദയാത്ര

(ജംഷിക്ക്)

പിതാമഹന്മാർ ചുവന്ന സന്ധ്യകളെ പ്രവചിച്ചാ, വേശഭരിതരായതിനു ശേഷം,
പിതാക്കന്മാർ അമാവാസികളെ തപസ്സാൽ പ്രീതിപ്പെടുത്തി, വിഷാദചിത്തരായി….

കൂടെപ്പിറപ്പെ, കൂട്ടുകാരാ,
നമ്മുടെ വർത്തമാനങ്ങളിൽ,
അവസാനത്തെ നെയ്ത്തിരിയുമണഞ്ഞ്,
പ്രകാശവർഷങ്ങൾക്കകലെ ചക്രവർത്തിപദങ്ങളിരുന്ന
നക്ഷത്രങ്ങളുടെ ദീവെട്ടിയിൽ,
ഉടപ്പിറന്നോരുടെ വെളിപാട് പുസ്തകങ്ങൾ
മനസിലാക്കുവാൻ കഴിയാതെ,
അർത്ഥത്തിൽ മൃതിയാരോപിച്ച്,
ശ്രുതിയുടെ സ്മൃതിഭംഗങ്ങളിൽ,
അരോചകപാരായണങ്ങളല്ലോ…

പ്രഭാതത്തിന്റെ
വിശുദ്ധമായ ആവർത്തനങ്ങൾക്ക്
ആക്കം കൂട്ടുവാനെന്ന വ്യാജേന,
പുരാണകവിതയുടെ സമുദ്രഗർഭം തേടാമെന്നഹങ്കരിച്ച്,
വികലജനിതക-മുടന്തുമിഴച്ച്,
നമുക്കൊളിച്ചോടാം…

കൂടെപ്പിറപ്പെ, കൂട്ടുകാരാ,
അപ്പോഴും നിന്റെ
വിരൽത്തുമ്പിലെപ്പോഴും ഞെരിഞ്ഞെരിയുന്ന
ഒരു മിന്നാമിനുങ്ങുണ്ടല്ലോ.
അജ്ഞാത വഴികളിലെ ഞെക്ക് വിളക്ക്.
അവൾക്കൊരായിരം ചുംബനങ്ങൾ.
അവളത്രെ ഒളിച്ചോട്ടത്തിനുള്ള ഒറ്റമൂലി.
നമ്മുടെ പാരസ്പര്യത്തിന്റെ ഇന്ദ്രനീലാഭ.
നക്ഷത്രബീജം.

വഴികളുടെയറ്റത്ത് നിന്നും,
തേനും വെട്ടിക്കിളികളും ഭക്ഷിച്ച,
പൂവങ്കോഴികളുടെ സുപ്രഭാതം
നമ്മെ കാരുണ്യത്തോടെ വിളിക്കുന്നു,
വരൂ…
ഏതോ യാത്രയുടെ ഓരങ്ങളിലാണെന്ന് മറന്ന് പോകണ്ട!!!

രമാനുഭൂതി

അവൾ,
നിരന്തരം ഉരിയാടി.

ഞാനോ, ശ്രവണപർവ്വത്തിന്റെ ദീർഘകാലങ്ങളിൽ,
സന്ദേഹരഹിതമായ്,
അരാജകസംഗീതത്തിലലിഞ്ഞു.

കാലത്തിന്റെ ഒരു മുക്കിൽ വച്ചവൾ മൂകയായി.

ഞാനെന്റെ വാനരരെയത്രയും,
എട്ട് ദിക്കുകളിലേക്കുമയച്ച്,
നിശ്ചലതയിൽ സന്ദേഹഭരതിനായി,
ആരംഭിച്ചു,
രാവണവധം ഒന്നാം നിമിഷം.