കൂപമാണ്ഡൂക്യം

പൊട്ടകിണറ്റിലെ ചൊറിത്തവളയുടെ സാഗരസ്വപ്നങ്ങൾ, ആകാശവിമർശങ്ങൾ, അരയന്നപ്രണയങ്ങൾ…

Month: January, 2012

കവിത എഴുതുന്ന പെൺകുട്ടികൾ സൂക്ഷിക്കുക

കവിത എഴുതുന്ന പെൺകുട്ടികൾ സൂക്ഷിക്കുക
ഞാൻ പ്രണയാഭ്യർത്ഥനായുമായ് വരാൻ സാധ്യതയുണ്ട്

ശല്യപ്പെടുത്തി പിറകെ നടക്കുമ്പോൾ
എന്നെ ചെരുപ്പൂരി തല്ലുകയോ
അതെ പറ്റി കവിതയെഴുതുകയോ ആവാം

എന്നെ ശ്രദ്ധിക്കാതിരിക്കുകയോ ശ്രവിക്കാതിരിക്കുകയോ
അങ്ങനെയൊക്കെ ചെയ്യുന്നതായി ഭാവിക്കുകയോ ആവാം

എന്റെ മരമോന്തയെ പറ്റി
കവിതകൾ എഴുതാത്ത കൂട്ടുകാരികളോട്
പറയുകയും ഉറക്കെ ചിരിക്കുകയും ആവാം,
എന്റെ മധുരം കിനിയുന്ന വാക്കുകളെ പറ്റി
കവിതകൾ എഴുതുന്ന കൂട്ടുകാരികളോട്
പറയുകയും പതുക്കെ തെറി പറയുകയൂം ആവാം,
ആവാതിരിക്കുകയും ആവാം.

പഴയ കാമുകന്മാരോടും ആങ്ങളമാരോടും നിളാനദിയോടും
പരാതി പറയുക,
നിയമപാലകരോടൂം കോടതിയോടും വാരികകളോടും
വേണമെങ്കിൽ നക്സലുകളോടും നിങ്ങൾക്ക് എന്നെ പറ്റി പരാതി പറയാം.
(പക്ഷെ ഒരിക്കലും ഒബാമയിതൊന്നും അറിയരുത്)

നിങ്ങളുടെ അക്ഷരക്കാടുകളുടെ ഇരുളിൽ നമുക്ക് നിഴലുകൾ ആവാം
അവിടെയിരുന്നു ആവി പാറുന്ന ചോരയോ കാപ്പിയോ കുടിക്കാം
കുടുക്കുകൾ അഴിക്കാം അഴിക്കാതിരിക്കം
കുടുക്കാം, കൂടെ കുടുങ്ങാം, കുടുങ്ങാതിരിക്കാനും ഇടയുണ്ടെങ്കിലും

നിലവിളക്കിലെ നിലവിളിക്കാത്ത നാളം പോലും നാണം കെടുന്ന കവിതകൾ
എഴുതുന്ന പെൺകുട്ടികളെ ഞാനിതാ വരുന്നു,
സൂക്ഷിക്കുക വെറുതെ പ്രണയിക്കുവാനാണ്…

Advertisements

താരയാമിനിയിലൊരേകാകി

മറ്റേതോ മട്ടുപ്പാവിലെ
ഏതോ രാവിലെ
ഒറ്റ മെഴുകുതിരി മാത്രമെരിയുന്ന
മദ്യസത്‌കാരത്തിലേക്ക്‌
നക്ഷത്രങ്ങള്‍
അഴിഞ്ഞു വീണൂ…

 


ലഹരിയുടെ അളവുകോലുകളില്‍
ഓരോ ജീവവായുത്തുള്ളിയും
ഓരോ നക്ഷത്രമെന്ന മട്ടില്‍
തിളങ്ങി.

പുകച്ചുരുളില്‍ കണ്ട നക്ഷത്രത്തിനേതോ ധനുമാസപ്പെണ്ണിന്റെ
മിഴി-
യഴകായിരുന്നു.

കാട്ടാളന്റെ തെറിപ്പാട്ടുകളില്‍
നക്ഷത്രങ്ങള്‍
മുടിയഴിച്ചാടുന്ന നീലപ്പെണ്ണായി.
അവളുടെ ഇടത്തെ മുലഞ്ഞെട്ടില്‍ പിടിച്ചപ്പോള്‍
ഏതോ ഒരുവന്റെ പനിനീര്‍മലര്‍വിരലുകള്‍ പൊള്ളി.
പക്ഷെ അവള്‍ ഒന്നുമറിയാതെ അഴിഞ്ഞാടി.
ആടിത്തളര്‍ന്ന നക്ഷത്രപ്പെണ്ണ്
പാടിതളര്‍ന്നവന്‌ പൂച്ചെണ്ടായി.

“ഈ നശിച്ച രാത്രിയ്ക്കും
പെയ്ത നക്ഷത്രങ്ങള്‍ക്കും
എന്നെ തിരസ്കരിച്ച-
വളുടെ മനം മയക്കുന്ന
പുഷ്പം ഞാന്‍ സമര്‍പ്പിക്കുന്നു”
എന്ന് പൂശനെന്നല്ല ആരും പറഞ്ഞില്ല.
പറഞ്ഞിരുന്നെങ്കില്‍
പറയാതിരുന്നവന്റെ
ഹൃദയത്തില്‍ നിന്നും
നൈരാശ്യത്തിന്റെ ചിരിച്ച മുഖമുള്ള നിളവിളി ഉയരുമായിരുന്നു.
അതിലാ നക്ഷത്രങ്ങള്‍
ചാഞ്ചാടിയാടും മയിലായി
മരിച്ച്
മരിച്ച്
മറഞ്ഞ്
പോയേനേ…

പാറിനടന്ന് തളര്‍ന്ന നക്ഷത്രങ്ങള്‍
ചിറകറ്റ രാപതംഗങ്ങളായി.
ചിലത്‌ ഇഴഞ്ഞ്‌ അടിവസ്ത്രങ്ങളില്‍ കയറി.
ചിലത്‌ ചഷകങ്ങളില്‍ മദ്യത്തിലലിഞ്ഞു.
മറ്റുചിലത്‌ മെഴുകുതിരിനാളത്തിലേക്ക്
ഇഴഞ്ഞിഴഞ്ഞ്
ചെറുസ്ഫോടനനാടകങ്ങള്‍
നടത്തി മോക്ഷം നേടി…

ഏവരും ആസക്തമായാന്ദം തിരക്കുമ്പോള്‍
ഒറ്റപെടലിന്റെ അഘോഷത്തില്‍
നക്ഷത്രശൂന്യമായ
ആകാശം
കണ്ടിരുന്നവന്റെ കണ്ണുകള്‍ നിറയെ നക്ഷത്രങ്ങള്‍ ആയിരുന്നു.
അതു മാത്രം ആരും കണ്ടില്ല.

എന്നോ
ഒരിക്കല്‍

ഏകാകി
ഞാനോ
മറ്റൊ
ആയിരുന്നിരിക്കാം.

 

 
/ഷെല്‍ഖിന്‌/

 

ഒളിവിലെ വർത്തമാനങ്ങൾ

“കാലം തെറ്റിപ്പെയ്യുന്നതിനാൽ പനിയാണ്.
പുതപ്പിനടിയിൽ സവ്വാംഗവിഭൂഷിതനായ് കിടന്ന് മടുക്കുമ്പോൾ
മഴയില്ല എങ്കിൽ
ജനലിലൂടെ മോഹന-
മായ
ചന്ദ്രനെ കാണാൻ പോയി നിൽക്കും,
തുണിയെല്ലാം അഴിച്ച് കളഞ്ഞിട്ട്,
ചന്ദ്രനുണ്ടെങ്കിൽ മാത്രം

“ഇല്ലെങ്കിൽ?”

…പറയാൻ സൌകര്യമില്ല…

…പിന്നെ പകലൊക്കെ ഭയങ്കര ചൂടാണ്

“അപ്പോൾ മഴയുണ്ടെന്ന് പറഞ്ഞതോ?”

…ചൂടുള്ള മഴകളെ കുറിച്ചൊന്നുമറിയാത്തവർ
കേൾവിയിൽ നിന്നും പിരിഞ്ഞ് പോവുക.”

-പഠെ. പഠെ.
ആകാശത്തേക്ക് വെടി വയ്ക്കുന്നു-

“അപ്പോൾ…
പകലൊക്കെ ഭയങ്കര…
ഭയങ്കര-
മായ
എന്തൊക്കെയോ ആണ്.
വിയർക്കില്ല, പക്ഷെ നാരങ്ങാവെള്ളത്തിലുപ്പിട്ട് കുടിക്കും.
കൊല്ലത്ത്, ആശ്രാമത്ത് നല്ലൊരു നാരങ്ങാവെള്ളക്കടയുണ്ട്.

“പകൽ, രാത്രി, ഇനി സന്ധ്യയെപ്പറ്റിയല്ലെ?”
എന്ന്
അല്പം താമസിച്ച് കയറി വന്ന ഒരു കുട്ടി ചോദിക്കുന്നു.
വൈകിയത്, രാജാവ് നഗ്നനാണെന്ന് പറയാൻ പോയതിനാലാണെന്ന് തോന്നുവാ…

അപ്പോൾ…
വെറും സഖാക്കളെ
വികാരവതികളായ സഖികളെ
ചുവന്ന സനാതന-
മായ
സന്ധ്യയെപ്പറ്റിതന്നെ.
നിറച്ചുമങ്ങ് ക്ഷീണമാണ്.
പുക കാണും, മഞ്ഞും.
ചന്ത പിരിയും വരെ അരോചകശിരോമണികളായ പൂച്ചികളുടെ വിളയാട്ടത്തിലൂടെ
അഴിഞ്ഞ് പറിഞ്ഞ് വെറുതെ സഞ്ചരി-
ക്കും.
നമ്മുടെ വണ്ടി ചെന്ന് തട്ടാതിരിക്കാനെക്കൊണ്ട് തീവണ്ടി പോകുമ്പോൾ ലെവൽ ക്രോസിൽ ഗേറ്റ് താഴും.
ചോന്ന വെളിച്ചത്തിന്റെ സ്വാഭാവികമായത്ത

ങ്ങ

…”

“ഇനി?”

“നന്ദിപ്രകാശനം“

“അതു കഴിഞ്ഞ്?”

“പിരിഞ്ഞ് പോകാൻ മടിച്ചു നിൽക്കുന്നവരെ
പിന്നേം
വധിക്കും.

പഠെ. പഠെ.

എന്താന്ന് വച്ചാൽ സംസാരിക്കുന്നത് മാത്രമാണിപ്പോൾ
മായ
അല്ലാത്തതായ് എനിക്ക്
തോ
ന്നു
ന്ന
ത്.“

പിണക്കക്കാരി

പ്രണയത്തിന്റെ ഉദ്യാനത്തിലേക്കവൾ
സ്നേഹോന്മാദം ബാധിക്കുമ്പോൾ
ഒച്ചക്കിളിളെ നിർത്താതെ പറത്തി വിട്ട് കൊണ്ടിരിക്കും

ചിലച്ച് ചെവി പൊട്ടിച്ച്
ഹൃദയം കൊത്തി വലിച്ച്
തലമുടിയിൽ ചിക്കിചികഞ്ഞ്
കാഷ്ഠിച്ചും കണ്ണിൽ കൊത്തിയുമവ
അസഹനീയമാകവെ
ഒന്നു രണ്ടെണ്ണത്തിനെ പിടിച്ച് ചുട്ടുതിന്നുമെന്റെ വേടൻ.

പൊടുന്നനെ
ഉപ്പുരസമുള്ള മഴയായി.
അന്ധകാരഭരിതമാകും.
ചുട്ടു തിന്ന കിളികൾ ഇടിമിന്നലുകളായി
ഉച്ചിയിലേക്ക് പുനർജ്ജനിക്കും.
ഞാൻ പേടിച്ചോടും.
വേറെ ഗതിയില്ല.
ലോകാവസാനത്തിന്റെ കുഴലുമായൊരു മല്ലിക്ക് കറങ്ങിനടക്കും.

കുഴപ്പമില്ല.
കുറച്ച് കഴിയുമ്പോൾ
ചടപടാ‍ന്ന് ഇളം വെയിലാകും.

അപ്പോൾ പ്രണയത്തിന്റെ ഉദ്യാനത്തിൽ
ഒരു കിളിയുണ്ടാകും.
നിശബ്ദം.
അവളുടെ ഹൃദയം തന്നെ.

അടുത്തേക്ക് ചെല്ലുമ്പോൾ
എന്റെ തോളത്ത് വന്നിരുന്നു ചെവി കൊത്തി തുടങ്ങും.
അത്ര തന്നെ.