കവിത എഴുതുന്ന പെൺകുട്ടികൾ സൂക്ഷിക്കുക

by ഹരി ശങ്കർ കർത്ത

കവിത എഴുതുന്ന പെൺകുട്ടികൾ സൂക്ഷിക്കുക
ഞാൻ പ്രണയാഭ്യർത്ഥനായുമായ് വരാൻ സാധ്യതയുണ്ട്

ശല്യപ്പെടുത്തി പിറകെ നടക്കുമ്പോൾ
എന്നെ ചെരുപ്പൂരി തല്ലുകയോ
അതെ പറ്റി കവിതയെഴുതുകയോ ആവാം

എന്നെ ശ്രദ്ധിക്കാതിരിക്കുകയോ ശ്രവിക്കാതിരിക്കുകയോ
അങ്ങനെയൊക്കെ ചെയ്യുന്നതായി ഭാവിക്കുകയോ ആവാം

എന്റെ മരമോന്തയെ പറ്റി
കവിതകൾ എഴുതാത്ത കൂട്ടുകാരികളോട്
പറയുകയും ഉറക്കെ ചിരിക്കുകയും ആവാം,
എന്റെ മധുരം കിനിയുന്ന വാക്കുകളെ പറ്റി
കവിതകൾ എഴുതുന്ന കൂട്ടുകാരികളോട്
പറയുകയും പതുക്കെ തെറി പറയുകയൂം ആവാം,
ആവാതിരിക്കുകയും ആവാം.

പഴയ കാമുകന്മാരോടും ആങ്ങളമാരോടും നിളാനദിയോടും
പരാതി പറയുക,
നിയമപാലകരോടൂം കോടതിയോടും വാരികകളോടും
വേണമെങ്കിൽ നക്സലുകളോടും നിങ്ങൾക്ക് എന്നെ പറ്റി പരാതി പറയാം.
(പക്ഷെ ഒരിക്കലും ഒബാമയിതൊന്നും അറിയരുത്)

നിങ്ങളുടെ അക്ഷരക്കാടുകളുടെ ഇരുളിൽ നമുക്ക് നിഴലുകൾ ആവാം
അവിടെയിരുന്നു ആവി പാറുന്ന ചോരയോ കാപ്പിയോ കുടിക്കാം
കുടുക്കുകൾ അഴിക്കാം അഴിക്കാതിരിക്കം
കുടുക്കാം, കൂടെ കുടുങ്ങാം, കുടുങ്ങാതിരിക്കാനും ഇടയുണ്ടെങ്കിലും

നിലവിളക്കിലെ നിലവിളിക്കാത്ത നാളം പോലും നാണം കെടുന്ന കവിതകൾ
എഴുതുന്ന പെൺകുട്ടികളെ ഞാനിതാ വരുന്നു,
സൂക്ഷിക്കുക വെറുതെ പ്രണയിക്കുവാനാണ്…

Advertisements