ഏതോ ഒരു നായയെ പറ്റി

by ഹരി ശങ്കർ കർത്ത

എറിഞ്ഞ് തന്നത് മാത്രം ഭക്ഷിച്ച് ശീലിച്ച
അജീർണ്ണം പിടിച്ച വളർത്ത് നായ
കടിച്ചു-
പിടിച്ചുപറിക്കാനറിയാതെ
തെരുവിൽ അന്തിച്ചു നിൽക്കേ
എവിടെയോ ഒളിച്ചിരുന്നു
ഒരു വേട്ടക്കാരൻ
ഉന്നം പിടിക്കുന്നതായും
അനന്തരം വെടിപൊട്ടിയതായും
വെടിയേറ്റ് പിടഞ്ഞ് വീഴുന്നതായും
കടുവത്തോലുകൾക്കൊപ്പം തന്റെ തോലും
ചന്തയിൽ വിൽ‌പ്പനയ്ക്ക് നിരന്നതായും
വെറുതെ കിനാവ് കാണുന്നു.

മറ്റെല്ലാ നായകളും
എറിഞ്ഞോടിക്കപ്പെടുന്നു.
മാനക്കേട്.
ഒറ്റപ്പെടൽ.
മയിര്.

ചത്ത് പോട്ടെ എന്ന് കുരച്ച്
ഇടതും വലതും നോക്കരുതെന്നുറച്ച്
നഗരപാതയിലെ ലോഹനദി മുറിച്ച് കടക്കവെ
ഇടത്തോട്ടും വലത്തോട്ടും
നോക്കി ശ്രദ്ധാലുവാകുന്നു
ഞാൻ
അല്ല ആ നായ.

Advertisements