മസ്കൂവിയൻ മാറ്റിനികൾ

by ഹരി ശങ്കർ കർത്ത

…ഉച്ചച്ചൂടിൽ, അലസതയിൽ നിന്നും മാറ്റിനിയിലേക്ക്
പറന്നിറങ്ങുന്ന പൂച്ചകൾക്ക് പഥ്യം തമിഴ്പടങ്ങളാകുന്നു.
ഇഷ്ടം ആപേക്ഷികമായ ഒന്നാണെന്ന,തിനാലെന്തുമാകാമെന്നതാണ്
പാർട്ടിനയം.

വരി നിൽക്കവെ
അകാംക്ഷ വെറുതെ ചൊറിയുമ്പോൾ
ഭിത്തിയിൽ കോമ്പസ്സ് കൊണ്ട് ആരൊക്കെയോ എന്നൊക്കെയോ
എഴുതി വച്ചിരിക്കുന്ന
ജോഡികളുടെ പേരുകളും
അശ്ലീലകവിതകളുമങ്ങനെ വായിക്കും.

പടം തുടങ്ങാൻ ഏറെ നേരമുണ്ടാവും
പക്ഷെ ഓടിച്ചെന്ന് കയറും.

അവിടം നിറയെയതാ മധുരമനോജ്ഞമായ
അന്ധകാരം.

കാത്തിരുന്ന കസേരയിലേക്ക്
എവിടെയെങ്കിലുമൊക്കെ കാലു തട്ടിയും മുട്ടിയും
എത്തിച്ചേരുന്നു.
ചാരിക്കിടന്ന്
അതിനെ സിംഹാസനവൽക്കരിക്കുന്നു.

ഗർഭം നിയന്ത്രിക്കാനുള്ളതാണെന്ന് സർക്കാരും
കല്യാണം കഴിക്കാനുള്ളതാണ് ജീവിതമെന്ന് സ്വർണ്ണക്കടക്കാരും
ഞങ്ങളെ ശ്രദ്ധിക്കൂ എന്ന് പട്ടണത്തിലെ പരിചിത സ്ഥാപനങ്ങളും
പറയുമ്പോൾ
ഓരോരോ തെറികളായ് ഉരുക്കഴിക്കും.

പേരെഴുതി കാണിക്കുമ്പോൾ
മുന്നിലത്തെ സീറ്റിലേക്ക് കാൽ കയറ്റി വയ്ക്കും.

നായകൻ വരുമ്പോൾ,
അതേതവനായാലും കൂകി വിളിച്ച് കയ്യടിക്കും.

പിന്നെ, പുതിയ മസേജ് വല്ലതും ഉണ്ടോ എന്നൊക്കെ നോക്കി തുടങ്ങും.
മസേജ് വരാഞ്ഞതിൽ മുഷിഞ്ഞും/വന്നതിൽ അലോസരപ്പെട്ടും
മൊബൈലിനെ മയക്കി കിടത്തും…

…യാത്ര മുടങ്ങിയതിനാൽ തീവ്രമായ മടുപ്പിലമർന്ന്, അമർന്നിരിക്കാൻ ആകാത്തവർക്കൊപ്പം
പഠനം അസഹനീയമായ് പുസ്തകസഞ്ചിയും മടിയിൽ വച്ച് ചിലച്ചിരിക്കുന്നവന്മാർക്കൊപ്പം
ചുണ്ട് കോർക്കാൻ തക്കം പാർത്ത് കൈ കോർത്തിരിക്കും രഹസ്യപ്രണയികൾക്കൊപ്പം
എന്നാ പിന്നെ പടത്തിനു കേറിയേക്കാമെന്ന് വിചാരിച്ച് ടിക്കറ്റെടുത്ത് പോയ അലക്ഷ്യബോധികൾക്കൊപ്പം
അലസമായ് ചാരിക്കിടന്ന് പടം കാണുന്നതായ് അഭിനയിക്കുന്നത് ഒരു ഹരമാകുന്നു.

അടുത്തിരിക്കുന്നവൻ സ്വവർഗ്ഗസംഭോഗിയാണേലും
തുടയിൽ തഴുകല്ലേ എന്നു മാത്രം പ്രാർത്ഥിക്കുന്ന,
പടം കണ്ട് രസം പിടിക്കുന്നവരുള്ളത് അരോചകമായ് തോന്നുന്ന
മസ്കൂവിയൻ മാറ്റിനികൾ.

…പക്ഷെ, ചിലപ്പോൾ തിരശ്ശീലയിൽ നിന്നും ജീവിതം ചാടി വീഴും
കടിക്കും
അശ്ലീലത്തമാശയിലൊരു കുത്തുവാക്കിന്റെ ചൊറിമാന്തി മണക്കും
വിദേശനിർമ്മിത പ്രണയഗാനരംഗത്തിലേക്ക് തനിനാടൻ വിരഹം ചിതറി വീഴും
നൃത്തോപമമായ മായികസംഘട്ടനത്തിനിടയ്ക്ക് അപകർഷത സ്വയമിക്കിളിയിട്ടിളിക്കും
ദുരന്തങ്ങളിൽ ആനന്ദം കണ്ടെത്തി ആത്മനിന്ദോചിതമായ് ഉറച്ചട്ടഹസിക്കും.

…ഇടവേളയിൽ
അധോലോകനായകനായ് പുകച്ചുരുളുകളിലൂടെ സഞ്ചരിച്ച്,
മൂത്രമൊഴിക്കുമ്പോൾ,
ഞരമ്പുകളിൽ മേഘപാളികൾ നിറയും.
ഭിത്തിയിൽ കോമ്പസ്സ് കൊണ്ട് ആരൊക്കെയോ എന്നൊക്കെയോ
എഴുതി വച്ചിരിക്കുന്ന
ജോഡികളുടെ പേരുകളും
അശ്ലീലകവിതകളുമങ്ങനെ വായിക്കും.

ഐസ്ക്രീം വാങ്ങി പോകുന്നവരോട് പുച്ഛം തോന്നുന്നതായ് തോന്നും,
അസൂയയെന്ന് പെട്ടന്നെങ്ങനെയോ തിരിച്ചറിയും.

മസാലയുള്ള കപ്പല-
ണ്ടി തന്നെ വേണമെന്ന് സ്വയം ശഠിക്കും.

പടം തുടങ്ങാൻ ഏറെ നേരമുണ്ടാവും
പക്ഷെ ഓടിച്ചെന്ന് കയറും.

…രണ്ടാം പാതിയിൽ പ്രശ്നങ്ങളത്രയും ചുരുളഴിയുന്നതിൽ അശ്രദ്ധനാകുമ്പോഴും
വില്ലൻ തുലഞ്ഞു പൊകുന്നതിനു തൊട്ട് മുന്നെയുള്ള
മാദകനൃത്തരംഗങ്ങൾക്കായ് കാത്തിരിക്കും.

പടം തീരാത്തതിൽ മുഷിയുമ്പോൾ തന്നെ
തീരുന്നതോർത്ത് മുഷിയും.

യാഥാർത്ഥ്യങ്ങൾ പുറത്തെവിടെയോ വാടകക്കൊലയാളികളെപ്പോലെ കാത്തിരുപ്പുണ്ടന്നോർത്ത് ഇരുട്ടിലേക്ക് മെല്ലെ തുപ്പുമ്പൊൾ
അവസാനരംഗത്ത് എല്ലാം ശുഭമാകുന്ന അലോസരകാഴ്ചയാവും.

അവസാനത്തെ പച്ചത്തെറിയും
വെളിച്ചം വരും മുമ്പെ
ഉറക്കെ വിളിച്ച് പറഞ്ഞ്
ഇറങ്ങിപ്പോരുമ്പോൾ
പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോട് കൂടിയ,
കഥയില്ലാത്ത
ഒരു വീരനായകനായ്
സ്വയം സങ്കൽ‌പ്പിക്കുന്നതിന്റെ
കലിപ്പ് മാത്രമവശേഷിക്കും,
കുറച്ച് നേരത്തേക്ക്
കുറച്ച് നേരത്തേക്ക് മാത്രം.

Advertisements