തൈ-ര്

by ഹരി ശങ്കർ കർത്ത

ഇതൊരു നാശം പിടിച്ച നഗരം തന്നെ.
വഴികൾ തെറ്റാനായി വെയിലത്ത് കിടന്ന് പുളയുന്നു.
കടുത്ത ആഗോളവൽക്കരണം.
അസഹനീയമായ ആഗോളതാപനം.
എന്നാലും മുറിയിലേക്ക് വരുന്ന വഴി കണ്ട ചെവിത്തോണ്ടി വിൽക്കുന്ന പെൺകുട്ടിയെ എടുത്തോമനിക്കണമെന്ന് തൊന്നുന്ന ആ തോന്നൽ ഉണ്ടല്ലോ…
പേടിക്കണം,
അവൾ പൊടുന്നനെ ഒരു വേശ്യയായാലോ?
കാശ് ചോദിച്ചാലോ?
നമ്മുടെ കയ്യിൽ കാശില്ലെന്നവളെങ്ങാനും അറിഞ്ഞാലോ?
ഞാനോ നീയോ ഇതു വരെ ഒരു വേശ്യയെ തൊട്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടോ?
അതൊക്കെ അമ്മ അറിഞ്ഞാലോ എന്നോർത്ത് ഭയന്നിട്ടുണ്ടോ?

ഭയമൊരു തണ്ടില്ലാഴികയാണെന്നൊക്കെയറിയാം.
ടീപ്പോയിൽ ഗോബീ മഞ്ചൂരിയന്റെ ഗന്ധം.
ഒരു കുപ്പി നിറയെ നിഴൽ.
ജനലുകൾ അടച്ചും തുറന്നും അലന്ന പൊടിക്കാറ്റ്.
സ്വവർഗ്ഗസംഭോഗത്തെ പറ്റി തന്നെയാവാം
നമ്മളിപ്പോൾ സംസാരിക്കുവാൻ ഭയപ്പെടുന്നത്.

വിയർപ്പ് ഒഴുകരുത്.
അത് തുടച്ച് കളയാനാണല്ലോ തൂവാല.

നമുക്കിവിടം വിട്ടു പോകേണ്ട സമയമായിട്ടില്ല.
തീവണ്ടികൾ എത്ര താമസിക്കുവാനും തയാറാണ്,
പക്ഷെ അവയൊരിക്കലും നേരത്തെ എത്തിച്ചേരുകയില്ല.
തീവണ്ടിയുടെ ഇത്തരം സ്വഭാവങ്ങൾ കാരണമാവും അവയ്ക്ക് ഒരു വലിയ പ്രതീകത്തിന്റെ മുഴക്കവും താളവും ലഭിച്ചത്.
ഇങ്ങനെ വെറുതെയെന്തെങ്കിലുമൊക്കെ പറക്കുമ്പോഴും മറന്നു പോകുന്നതിന്റേതായ ഒരു സുഖം.
എത്രകാലം കൂടി ഈ ചൊറിച്ചിലുകൾ കാണും?
ആ-
വോ.

ചൊറിതണം എന്ന ചെടിയെ സാവധാനം ഓർമ്മ വന്നു.
അയ്യത്ത് നിൽക്കുന്ന പശു ചൊറിതണം തട്ടാതെ മേയുന്നു.
ഏട്ടിൽ മിലരേപ കൊതിപ്പിക്കുന്നു.
പശുവിനും ഏടിനുമിടയിൽ എന്റെ തങ്കക്കിനാവുകൾ ഓടിച്ചാടിനടക്കുന്നു.
താഴെ വീണ് മുട്ട് പൊട്ടല്ലെ എന്നു ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണവസാനിക്കുക?
സംഗ്രഹിക്കാം, ഏട്ടിലെ പശു ചൊറിതണം ഭക്ഷിക്കുന്നു.
(നിന്നോട് മിലരേപയെ പറ്റി ചൊറിയണമെന്നെനിക്ക് വാശിയുണ്ടായിരുന്നു)

ബ്ലും, നീ എന്നെ കേട്ടിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
പക്ഷെയിന്നു വൈകുന്നേരം നീയെനിക്ക് തൈരുസാദം വാങ്ങി തരുമ്പോൾ നീ പറയുന്നതൊന്നും ഞാൻ കേട്ടിരിക്കില്ല.
എന്തു പറഞ്ഞാലും തൈരുസാദം വങ്ങിത്തരുന്നവരെ ഞാൻ വെറുക്കുന്നു.
തൈരുസാദത്തെ വെറുക്കുന്നു.

തൈരെനിക്കൊരുപാടിഷ്ടമാണെങ്കിലും.