നന്നാവാനുള്ള ശ്രമം അഥവാ സുരഭിലസുന്ദരസ്വപ്നങ്ങളുടെ കൂതറവൽക്കരണം

by ഹരി ശങ്കർ കർത്ത

സ്വപ്നം മാനവചിത്തനാഭിയിൽ അനന്തത്തിന്റെ പത്മോദയം/ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രൌഡശബ്ദം

അധോലോകസഞ്ചാരിണി വന്ന് ഒരുപാട് നാളുകൾ കഴിഞ്ഞാണ് പ്രപഞ്ചഗോപൻ ആഗതനായത്.
വിഹിതാവിഹിതങ്ങളിൽ പെടുന്ന ഏതെങ്കിലുമൊരു പാലം അവർക്കിടയിൽ ഉണ്ടാകുമെന്നാരാണ് കരുതിയത്?

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ അവർ കോശഭിത്തിയിലിരിക്കുന്നു.
ദൂരദർശിനിയിലൂടെ നോക്കുമ്പോൾ അവർ ചന്ദ്രമണ്ഡലത്തിൽ ശയിക്കുന്നു.
നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ വരി പിഴച്ച കവിതയും വര പിഴച്ച ചിത്രവും ചിതറിയോജിക്കുന്ന മട്ടിൽ, എനിക്കനഭിമതരായി, പോകുന്ന വഴികളിലെല്ല്ലാം മതിലും ചാരി നിൽക്കുന്നു.
മതിലില്ലാത്ത വഴികളിൽ കുറുകെ കിടക്കുന്നു.
വഴികൾ ഇല്ലാത്തയിടങ്ങളിൽ ഒട്ടി നിൽക്കുന്നു.
ഞാനിപ്പോൾ മിക്കവാറും സമയം കണ്ണടച്ച് കിടപ്പാണ്.
നിതാന്തമായ വഴുക്കലുകളുമായി വഴക്കിലാണ്.

കല്ലെടുത്തെറിഞ്ഞാലും മിണ്ടില്ല.
അങ്ങനെയൊരു ഗുണമുണ്ടവർക്ക്.

എന്നുവച്ചാൽ, ഞാൻ വലിയ രണ്ട് കല്ലുകൾ എടുത്ത് കാച്ചി.
പ്രപഞ്ചഗോപൻ ഉടനെ അധോലോകസഞ്ചാരിണിയുടെ പാവാടപൊക്കി കാണിച്ചു.
അധോലോകസഞ്ചാരിണി പ്രപഞ്ചഗോപന്റെ കൈലി ഉരിഞ്ഞവളുടെ തലയിൽ കെട്ടി.
നിങ്ങൾ ആരെങ്കിലും ചുവന്ന വീഞ്ഞിലലക്കി, നിലാവിലുണക്കിയെടുത്ത അടിയുടുപ്പുകൾ കണ്ടിട്ടുണ്ടോ?
നരകരാജ്യം അവർക്കുള്ളതാകുന്നു.

എന്റെ കൊച്ചു മാളത്തെ ഇത്ര തിരക്കുള്ളതാക്കിയതിനവർ എന്നോട് മാപ്പ് പറയണമെന്ന് ഞാൻ പറയില്ല.
വേതാളനഗരവൃത്താന്തത്തിലെ അവസാനതാളിൽ അവരെ പിടിച്ച് നൽകിയാൽ ലഭിക്കുന്ന പ്രതിഫലം എന്നെ പ്രലോഭിപ്പിക്കുന്നുമില്ല.
അവർ കുഴഞ്ഞ് മറിയുന്ന അശ്ലീലോജ്ജ്വലമായ ആ നീലച്ചിത്രം പോലും എന്നെ കൊതിപ്പിക്കുന്നില്ലല്ലോ.
അപരാധികളേ എന്നു വിളിക്കുമ്പോഴും ഞാനവരെ ആരാധിക്കുകയല്ലേ?

എന്നിട്ടുമെന്തിനെന്റെ കുളിമുറിയിലേക്കവർ കടന്നാക്രമണം നടത്തി എന്നെ കുളിപ്പിക്കുവാൻ ശ്രമിക്കുന്നു?
ഇതനവസരത്തിലെ അരസികപ്രതികരണമായ് തോന്നാം.
ഞാൻ വൃത്തിയായ് കുളിച്ചില്ലെങ്കിൽ നിങ്ങൾക്കെന്താ?
ഈ ചൊറികൾ കഴുകി കളഞ്ഞാൽ എനിക്കെന്റെ പെണ്ണിനോടൊപ്പം കൊതി കൊറിച്ച് നടക്കാനാവില്ല,
നിങ്ങൾക്കിടയിൽ കിടക്കാൻ കൂടിയവൾ തയാറാണ്.
ശരിയാണ്.
പക്ഷെ എനിക്കവളെ ആഘോഷിക്കുവാൻ കുളിമുറിയിൽ കയറി കുളിക്കാതിരിക്കണം.
അതെന്റെ സമഗ്രമായ കാഴ്ചപാടിനോട് വിധേയത്വം പുലർത്തുന്നത് കൊണ്ടാണ്.

പ്രപഞ്ചഗോപാ…
അധോലോകസഞ്ചാരിണീ…
ഞാൻ തത്വശിലാന്വേഷകരുടെ മരുഭൂമിയിൽ താമസമുപേക്ഷിക്കുന്ന ദിനം എന്നെ കുളിപ്പിച്ചുയർത്തുവാൻ അമൃതവർഷിണിയായി പരിണമിച്ചെത്തുവാൻ പിരിയണമെന്നെഴുതിയിരിക്കുന്നത് നിവർത്തിക്കണമെന്നൊന്നുമില്ലേ?

ജലസന്തതികളായ മുനിദമ്പതികളേ, പ്രതിപ്രസവത്തിനായ് നിങ്ങളെയർക്കരശ്മികൾ വിളിക്കുന്നത് ഈ അണലികൾ പോലും കേൾക്കുന്നുണ്ടല്ലോ.

മുനിദമ്പതികളായ ജലസന്തതികളേ, വിട പറയുവാൻ മുദ്രകളില്ലെങ്കിലിതാ ഭരതമുനിയുടെ നാട്യശാസ്ത്രം…

ഒന്നു പൊയ്-
തായോ…

ഞാനീ വഴിയിലൊരിത്തിരി നേരമിരുന്നെൻ കണ്ണു തിരുമ്മിക്കോട്ടെ/കടമ്മനിട്ട രാമകൃഷ്ണന്റെ പരുക്കൻ ശബ്ദം

Advertisements