കൂപമാണ്ഡൂക്യം

പൊട്ടകിണറ്റിലെ ചൊറിത്തവളയുടെ സാഗരസ്വപ്നങ്ങൾ, ആകാശവിമർശങ്ങൾ, അരയന്നപ്രണയങ്ങൾ…

Month: March, 2012

അന്ധവിചാരം

അടിച്ചമർത്തപ്പെടുന്ന തമിഴന്

രജനീകാന്തിന്റെ സിനിമയും

എനിക്ക് പോർണോഗ്രാഫിയും തന്നവൾ

വിജയിക്കട്ടെ

കന്യാകുമാരിയിലെ ഉദയാസ്തമനങ്ങൾക്കും

ആലപ്പുഴയിലെ നീലക്കായൽ‌പരപ്പിനും

സാധ്യത നൽകുവാനായി

വിദേശികൾക്ക് കണ്ണുകൾ നൽകിയവൾ

വിജയിക്കട്ടെ

സീരിയൽ കണ്ടു തുളുമ്പാൻ കണ്ണീരും

വാർത്ത കണ്ട് യെസെമ്മസ് ടൈപ്പാൻ ഡിസ്പ്ലേയും

അവതാരികയുടെ പഴുത്ത്മുറ്റിയ മാറിടവും

സെവാഗിന്റെ സിക്സറും

സർവോപരി ടെലിവിഷവുമായവൾ

വിജയിക്കട്ടെ

തെരുവുകളിലെ രക്തവും

തരുക്കളുടെ വംശനാശവും

കര ഭക്ഷിക്കുന്ന കടലും

കാണാതിരിക്കാൻ

അടയ്കാ‍നാവുന്ന കൺ‌പോളകളെ സൃഷ്ടിച്ചവൾ

വിജയിക്കട്ടെ

തിരിച്ചറിയപ്പെടാത്ത മാതൃലിപിയായ്

“അവളെ“ തിരിച്ചറിയാനാവുന്ന ദേശി ക്ലിപ്പായ്

ആറ് സഞ്ചികളുള്ള ബോളിവുഡ് കംഗാരുവായി

അവതരിച്ചവൾ

വിജയിക്കട്ടെ

അനന്തമായ ആകാശവും

അവസാനിക്കാത്ത തിരമാലകളും

കാണേണ്ടിവന്നാൽ മിഴിപൂട്ടാൻ

ഉറക്കം നൽകിയവൾ

വിജയിക്കട്ടെ

അങ്ങനെയങ്ങേനെയങ്ങനെ

വിജയിക്കുന്നവൾ എന്നുമെന്നും വിജയിക്കട്ടെ

അത്രതന്നെ…

അവളൂടെ പരാജയം,

എന്റെ ലഹരികളുടെ അവസാ‍നം

ആർക്ക് വേണം?

ഈ മധുശാല ഞാൻ കുടിച്ചു തീർക്കും

എന്റെ പഴുത്ത കരൾ പണയം വയ്ച്ചിട്ടായാലും…

അങ്ങനെയങ്ങേനെയങ്ങനെ

വിജയിക്കുന്നവൾ എന്നുമെന്നും വിജയിക്കട്ടെ

Advertisements

വൈറ്റില*

വരയൻ‌കുതിരവരയിലൂടെ ദേശീയപാതയെ മുറിച്ചു.

തീരത്ത്, ദ്രുതഭക്ഷണശാലയിൽ മസാലവർഷിണിയിൽ കോഴികൾ കൂവുന്നു.

ജീവനുള്ള ഒരാനയുമായി വളരെ വേഗതയൊന്നുമില്ലാത്ത ഒരു വലിയ വാഹനം കടന്ന് പോകുന്നു.

ആരും വില കൊടുത്ത് വാങ്ങാനില്ലാതെ പൊരിച്ച വവ്വാലിറച്ചി വൈദ്യതകമ്പിയിൽ പൊടിയുന്നു.

രക്താന്വേഷികളായ കൊതുകുകൾ താഡനങ്ങളിൽ മരിച്ചു പോകുന്നു.

രക്തസാക്ഷികൾ നൽകുന്ന ഇടവേളകൾ മുതലെടുത്ത് ചില കുത്തച്ചികൾ സൂചിയാഴ്ത്തുന്നു.

ആനയെ ഇറക്കി തിരിച്ചു പോകും വഴി വേഗത്തിലോടുകയായിരുന്ന വലിയ വാഹനം തട്ടിയ പട്ടി കുറച്ച് നേരം കൂടി പിടച്ചിട്ട് ചത്ത് പോകുവാൻ ഓരത്തേക്ക് നിരങ്ങുന്നു.

സർവ്വശക്തരായ കാക്കകളും ഞാനും കൂടിയാണ് ഈ കാഴ്ചകളെല്ലാം കണ്ടത്.

 

 

കാക്കകൾ ചിക്കിപ്പാറി തിന്നുണ്ടായിരുന്നു.

പട്ടി പിടയ്ക്കുന്നുണ്ടായിരുന്നു.

കൊതുകുകൾ കുത്തുന്നുണ്ടായിരുന്നു.

വവ്വാലിറച്ചി പൊടിയുന്നുണ്ടായിരുന്നു.

ആന തടി പിടിക്കുകയായിരുന്നിരിക്കും.

കോഴി കൂവുന്നുണ്ടായിരുന്നു.

വരയൻ‌കുതിരകൾ ആളുകളെ കടത്തിവിടുന്നുണ്ടായിരുന്നു.

 

ഞാനോ

കപ്പലണ്ടി കൊറിക്കുന്നുണ്ടായിരുന്നു.

 

ബാക്കിയെല്ലാവരും തിരക്കിലാണ്,

മടി പിടിച്ച മനുഷ്യരുടെ ലോകം.-

 

 

 

 

 

*വൈറ്റിലയുമായി ഈ വരിക്കൂട്ടത്തിനുള്ള ബന്ധം പൂർണ്ണമായും കെട്ടിച്ചമച്ചതല്ല

കവിത കൊത്തിവച്ച

ചിത്തരോഗാലയത്തിന്റെ

ചിതലരിച്ച വാതിൽ തുറന്ന്

ലൂതയോഗിനികളുടെ

വലയിലുടക്കാതെ

പൊടി നിറഞ്ഞ ഷെൽഫിലെ

ചിരപുരാതനമായ വീഞ്ഞ് കുപ്പിയുമെടുത്ത്

കുപ്പിച്ചില്ലുകൾ തുന്നിചേർത്ത

നരച്ച മെത്തയിലേക്ക്

നിന്നോടൊപ്പം അഴിഞ്ഞുലയുന്ന പ്രാകൃതമാത്ര

ഉന്മാദാത്തിന്റെ തട്ടിൻപുറത്ത്

പത്തായം ഭേദിച്ച പെരുച്ചാഴി, പൂച്ചയുടെ അരമണിയഴിച്ചെടുക്കവെ,

അടിച്ചമർത്തിയ ഒരായിരം ജൈവമോഹങ്ങൾ,

ഗർവ്വിഷ്ഠമായ് അട്ടഹാസങ്ങൾക്കും,

വിധേയത്വത്തോടെ ഞരക്കങ്ങൾക്കു-

മിടയിലൂടെ

നാഗരൂപിയായ് മെല്ലെയിഴഞ്ഞൊരു മകുടി തേടുന്ന ഗാത്രം.

നിന്റെ കണ്ണിണകളുടെ പാതി

നാഭിയിലെ വൈദ്യുതച്ചുഴികളെ ഒറ്റി,

ഉപ്പ് ചേർക്കാതെ മാംസം വിളമ്പി,

ജഗന്നാഥമായൊരു ഓർമ്മയുടെ നനവിൽ

കുഞ്ഞു കുഞ്ഞു മറവികളുടെ പൂക്കാലം,

നമ്രശിരസ്സുകൾക്ക് മുകളിലൊരു താമരമൊട്ടിന്റെ പ്രതീക്ഷയും.

പുണർന്നുണർന്നോരോ കവിതകളായ്

കാതിലും ഉരുവിലും ഉള്ളിലും

എഴുതിയും മായിച്ചും

മായിച്ച് കളഞ്ഞവയെ ഓർത്തെടുക്കാൻ ശ്രമിച്ചും

എല്ലാമെഴുതിയ താള് പോലെ

അരുവി പോലെ

അരികിലരികിലായ് കിരുകിരുക്കാതെ…

ഒടുവിൽ തുലഞ്ഞ് പോയെന്ന് കരുതിയ

സമയാംബരം കുടഞ്ഞെടുത്തണിഞ്ഞ്

കിതപ്പാറും മുമ്പെ മുടിയൊരുവിധം ഒതുക്കി

അരക്കെട്ടരക്കില്ലത്തിലെരിച്ച്

വെളിച്ചത്തിലേക്കോടുമ്പോൾ

നമുക്കിടയിൽ സംഭവിച്ചത്

നാമാതീതമായതെന്തോ എന്നു

മുറിപ്പാടുകൾ നീറി പറയുന്നുവെങ്കിലും…

കന്യാകുമാരി

(ഒരു യാത്രാവശിഷ്ടം)


കളഞ്ഞു കിട്ടിയ ശബ്ദങ്ങളെയെന്റെയപശബ്ദങ്ങളുമായി
സംയോജിപ്പിച്ച് ഒരു ശില്പം
ഒരു തീർക്കുമെന്ന് പറഞ്ഞപ്പോൾ
കടലെനിക്ക് മൂന്ന് വളപ്പാട്ടുകൾ തന്നു.
വെളുപ്പ്.
ചുവപ്പ്.
പച്ച.

തിരുവള്ളുവരുടെ ഈ പ്രതിമ ഒരു വരി പോലും എഴുതിയിട്ടില്ല.

സമുദ്രത്തിനും കരയ്ക്കുമിടയിൽ ഒരു പാറകഷണത്തിൽ
എഴുതിയുയർത്തിയത് കൊണ്ട് മാത്രം
ഈ ഖരവസ്തു
എല്ലാ കവികളേയും കുറിച്ചുള്ള കവിതയായ് പോയിരിക്കുന്നു.

വരി നിന്നും
വള്ളം കേറിയും
തടവുകാരെപ്പോലെ എത്തിയവർ
അവശേഷിച്ച ജീവനെ ഛായപടങ്ങൾ കൊണ്ട് തല്ലിക്കൊല്ലുന്നു.

പുറത്ത് കടലും കാറ്റും പാടുമ്പോൾ
മങ്ങിയ വെളിച്ചത്തിലെ
കൃതൃമപ്രണവം കേൾക്കാൻ അല്പനേരമിരുന്നു.

പുറത്തേതോ കുട്ടിയുടെ ചിരി കേട്ടപ്പോൾ ഇറങ്ങി പോന്നു.

വാക്ക് മൌനത്തിന്റെ വാലാണ്.
മൌനം വാക്കിന്റെ ഉടലോ തലയോ
ഒന്നുമല്ല.
രണ്ടുമല്ല.

നിനക്ക് നൽകേണ്ട ഏറ്റവും മികച്ച സമ്മാനം ഞാൻ തന്നെ
എന്ന വിശ്വാസത്തെ ഉപേക്ഷിച്ചവാനായ്,
ഏതു മുത്തുമാലയിലും കക്കാ കൊണ്ടുണ്ടാക്കിയ കരകൌശലവസ്തുവിലും
കുറ്റം കണ്ടെത്തുന്നു.
വലിയ കിട്ടപ്പോരിലെന്ന് കണ്ട്
വഴിവാണിഭക്കാരൻ ബീഡിയ്ക്ക് തീ കൊടുത്ത് മാറിയിരിക്കുന്നു.

ഞാൻ,
പണവും
പ്രണയവും
അഹങ്കാരവും
ഒരേ അകലം സൂക്ഷിക്കുന്ന ഒരു ബിന്ദുവിൽ
മനുഷ്യനാകുന്നു.

യാത്രകളൊക്കെ വിനോദമാകുന്നതിനു മുമ്പൊരിക്കൽ
ഒരു ചെറുപ്പക്കാരൻ ഈ കടലു നീന്തി
ആ പാറയിൽ പോയിരുന്നു.

പാറയിൽ നിന്നും ആകശത്തിലേക്കൊരു പ്യൂപ്പയുണ്ടായി.
വാക്കിനപ്പുറത്തൊളിച്ചിരിപ്പായി.
ആകാശത്തിലപരിമിത ഗുരുത്വം.

പിന്നീട് പ്യൂപ്പ ഭേദിച്ചയാൾ പറന്ന് പോയി,
കടലുകൾ കടന്ന് പോയി.
ചിറകടിയൊച്ചയോ കാലം കടന്ന് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

കറുത്ത ഷാളുകൊണ്ട് പുതച്ച് മുഴുത്ത സൂര്യനെയൊളിപ്പിച്ച കുമാരിയുടെ കുസൃതി.
പകരം തിരപ്പൊലിമകൊണ്ട് കെട്ടിപിടിച്ചുമ്മ വച്ച ഒരമ്മയുടെ ലാളനം.

രാത്രിയിൽ കടലിൽ കാലുനനഞ്ഞപ്പോൾ ഒപ്പം നനഞ്ഞെന്ന് പറഞ്ഞവൾക്കൊരുമ്മ.
ആ ഉമ്മ, നിമിഷാർദ്ധങ്ങൾക്കൊണ്ട് മൈലുകൾ താണ്ടി പോകുന്നത് കണ്ട് ഒരുൽക്ക കൂടി നാണിച്ചു പൊലിയുന്നു.

കന്യാകുമാരിയിൽ
പഞ്ചഭൂതങ്ങളൊരുമിച്ചുണരുമ്പോൾ
ആയിരത്തിലൊരിതളെങ്കിലും വിടരുന്നു.

‌-

പ്രണയത്തിന്റെ അപ്രസക്തഭാഗങ്ങൾ

ഡീ,

ശരീരമെന്നാൽ

ഉടുപ്പില്ലായ്മയല്ല

 

എന്റെ പ്രണയത്തിൽ കലർപ്പുണ്ടെങ്കിലും

കാമം ഉളുപ്പില്ലായ്മയല്ല

 

കാളസർപ്പത്തെ കയറെന്ന് വിളിച്ചൂശിയാക്കാം

പക്ഷെ

കയറിൽ ചവിട്ടി നിലവിളിക്കരുത്

എനിക്കൊരു ഉമ്മ തരൂ

 

-ഉമ്മ വയ്ക്കുന്നു-

 

എനിക്ക് ലഭിച്ച ഏറ്റവും മികച്ച

ഉമ്മ

അമ്മയുടെ വകയായിരുന്നു

 

എറ്റവും മികച്ച ഉമ്മയും

ഏറ്റവും മികച്ച പ്രാക്കും സഹോദരങ്ങളാണ്

 

നോക്കെഡീ,

നിന്റെ അശ്രദ്ധ മൂലമാണ്

ഞാൻ

ഇങ്ങനെ പ്രസക്തനാകുന്നത്…

 

നീയെന്തിനാണ് തീവണ്ടിയിലെ എല്ലാ യാത്രക്കാരെയും

ഭയന്നു വിവശരായി നോക്കുന്നത്?

 

ഇനി ഞാനവിടെയെങ്ങും തൊടില്ല

 

-അവൾ എന്നെത്തന്നെ ശ്രദ്ധിച്ചു തുടങ്ങിയതിനാൽ…