വൈറ്റില*

by ഹരി ശങ്കർ കർത്ത

വരയൻ‌കുതിരവരയിലൂടെ ദേശീയപാതയെ മുറിച്ചു.

തീരത്ത്, ദ്രുതഭക്ഷണശാലയിൽ മസാലവർഷിണിയിൽ കോഴികൾ കൂവുന്നു.

ജീവനുള്ള ഒരാനയുമായി വളരെ വേഗതയൊന്നുമില്ലാത്ത ഒരു വലിയ വാഹനം കടന്ന് പോകുന്നു.

ആരും വില കൊടുത്ത് വാങ്ങാനില്ലാതെ പൊരിച്ച വവ്വാലിറച്ചി വൈദ്യതകമ്പിയിൽ പൊടിയുന്നു.

രക്താന്വേഷികളായ കൊതുകുകൾ താഡനങ്ങളിൽ മരിച്ചു പോകുന്നു.

രക്തസാക്ഷികൾ നൽകുന്ന ഇടവേളകൾ മുതലെടുത്ത് ചില കുത്തച്ചികൾ സൂചിയാഴ്ത്തുന്നു.

ആനയെ ഇറക്കി തിരിച്ചു പോകും വഴി വേഗത്തിലോടുകയായിരുന്ന വലിയ വാഹനം തട്ടിയ പട്ടി കുറച്ച് നേരം കൂടി പിടച്ചിട്ട് ചത്ത് പോകുവാൻ ഓരത്തേക്ക് നിരങ്ങുന്നു.

സർവ്വശക്തരായ കാക്കകളും ഞാനും കൂടിയാണ് ഈ കാഴ്ചകളെല്ലാം കണ്ടത്.

 

 

കാക്കകൾ ചിക്കിപ്പാറി തിന്നുണ്ടായിരുന്നു.

പട്ടി പിടയ്ക്കുന്നുണ്ടായിരുന്നു.

കൊതുകുകൾ കുത്തുന്നുണ്ടായിരുന്നു.

വവ്വാലിറച്ചി പൊടിയുന്നുണ്ടായിരുന്നു.

ആന തടി പിടിക്കുകയായിരുന്നിരിക്കും.

കോഴി കൂവുന്നുണ്ടായിരുന്നു.

വരയൻ‌കുതിരകൾ ആളുകളെ കടത്തിവിടുന്നുണ്ടായിരുന്നു.

 

ഞാനോ

കപ്പലണ്ടി കൊറിക്കുന്നുണ്ടായിരുന്നു.

 

ബാക്കിയെല്ലാവരും തിരക്കിലാണ്,

മടി പിടിച്ച മനുഷ്യരുടെ ലോകം.-

 

 

 

 

 

*വൈറ്റിലയുമായി ഈ വരിക്കൂട്ടത്തിനുള്ള ബന്ധം പൂർണ്ണമായും കെട്ടിച്ചമച്ചതല്ല

Advertisements