അന്ധവിചാരം

by ഹരി ശങ്കർ കർത്ത

അടിച്ചമർത്തപ്പെടുന്ന തമിഴന്

രജനീകാന്തിന്റെ സിനിമയും

എനിക്ക് പോർണോഗ്രാഫിയും തന്നവൾ

വിജയിക്കട്ടെ

കന്യാകുമാരിയിലെ ഉദയാസ്തമനങ്ങൾക്കും

ആലപ്പുഴയിലെ നീലക്കായൽ‌പരപ്പിനും

സാധ്യത നൽകുവാനായി

വിദേശികൾക്ക് കണ്ണുകൾ നൽകിയവൾ

വിജയിക്കട്ടെ

സീരിയൽ കണ്ടു തുളുമ്പാൻ കണ്ണീരും

വാർത്ത കണ്ട് യെസെമ്മസ് ടൈപ്പാൻ ഡിസ്പ്ലേയും

അവതാരികയുടെ പഴുത്ത്മുറ്റിയ മാറിടവും

സെവാഗിന്റെ സിക്സറും

സർവോപരി ടെലിവിഷവുമായവൾ

വിജയിക്കട്ടെ

തെരുവുകളിലെ രക്തവും

തരുക്കളുടെ വംശനാശവും

കര ഭക്ഷിക്കുന്ന കടലും

കാണാതിരിക്കാൻ

അടയ്കാ‍നാവുന്ന കൺ‌പോളകളെ സൃഷ്ടിച്ചവൾ

വിജയിക്കട്ടെ

തിരിച്ചറിയപ്പെടാത്ത മാതൃലിപിയായ്

“അവളെ“ തിരിച്ചറിയാനാവുന്ന ദേശി ക്ലിപ്പായ്

ആറ് സഞ്ചികളുള്ള ബോളിവുഡ് കംഗാരുവായി

അവതരിച്ചവൾ

വിജയിക്കട്ടെ

അനന്തമായ ആകാശവും

അവസാനിക്കാത്ത തിരമാലകളും

കാണേണ്ടിവന്നാൽ മിഴിപൂട്ടാൻ

ഉറക്കം നൽകിയവൾ

വിജയിക്കട്ടെ

അങ്ങനെയങ്ങേനെയങ്ങനെ

വിജയിക്കുന്നവൾ എന്നുമെന്നും വിജയിക്കട്ടെ

അത്രതന്നെ…

അവളൂടെ പരാജയം,

എന്റെ ലഹരികളുടെ അവസാ‍നം

ആർക്ക് വേണം?

ഈ മധുശാല ഞാൻ കുടിച്ചു തീർക്കും

എന്റെ പഴുത്ത കരൾ പണയം വയ്ച്ചിട്ടായാലും…

അങ്ങനെയങ്ങേനെയങ്ങനെ

വിജയിക്കുന്നവൾ എന്നുമെന്നും വിജയിക്കട്ടെ

Advertisements